Vilakumadathe Rathrikal | വിളക്കുമാടത്തെ രാത്രികൾ – Raju Francis | രാജു ഫ്രാൻസിസ്
ആലപ്പുഴയിലെ തീരദേശത്തിൻ്റെ ജനിതകത്തിലേയ്ക്ക് തുളഞ്ഞു കയറിയുള്ള അസാമാന്യചിത്രണമാണ് ഈ നോവൽ പങ്കുവയ്ക്കുന്നത്. മനുഷ്യർ മാത്രമല്ല, കണ്ണാംപൊട്ടി കണ്ടലുകൾ. അവയ്ക്കു കീഴെയുള്ള ഞണ്ടുകൾ, കരിങ്കണ്ണികൾ, അതിനെ ചൂണ്ടയിടാനിരിക്കുന്ന മനുഷ്യർ, അവയെ വഹിക്കുന്ന ഇരകളു ടെയും വേട്ടക്കാരൻ്റെയും സ്വഭാവമുള്ള കായൽ തുടങ്ങിയ സമസ്തപ്രപഞ്ച ത്തെയും ചേർത്താണ് രാജു ഫ്രാൻസിസ് അസാമാന്യകൈയടക്കത്തോടെ, ഈ നോവൽ പറഞ്ഞിരിക്കുന്നത്. ഒരു കൈവിറയലുമില്ല, ഇമേജുകൾക്കും ഇമോഷനുകൾക്കും പഞ്ഞമില്ല, പറഞ്ഞതിൽ കളങ്കമില്ല, കൃത്രിമമില്ല. മണ്ണിലും ജലത്തിലും നിന്ന് ഇഴപൊട്ടുന്ന ജന്മങ്ങൾ പരസ്പരം ഇടപെടുമ്പോൾ പ്രകൃതാ സംഭവിക്കുന്ന സംഘർഷത്തിൻ്റെയും കാമനയുടെയും ആകെത്തു കയാണീ പുസ്തകം. നല്ല എഴുത്ത്. ഹൃദയഹാരിയായ വായനാനുഭവം.
- ജി. ആർ. ഇന്ദുഗോപൻ
Achu –
തൻ്റെ ചുറ്റുമുള്ള പരുക്കനും, ചൈതന്യരഹിതവുമായ ശബ്ദങ്ങൾക്ക് അർത്ഥപൂർണ്ണമായ സംഗീതം പ്രദാനം ചെയ്യുവാൻ സംഗീതത്തെ ആത്മാവിലേറ്റിയ എഴുത്തുകാരന് കഴിയുമെന്ന് ‘വിളക്കു മാടത്തെ രാത്രികൾ ‘ എന്ന നോവൽ സാക്ഷ്യപ്പെടുത്തുന്നു.
എഴുത്തിൻ്റെ വഴിയിൽ ഇടയ്ക്കിടെ കടന്നുവരുന്ന സ്വജീവിതത്തിലെ നിരീക്ഷണങ്ങൾ, ബൈബിൾ ബിംബങ്ങൾ, സാക്ഷ്യപ്പെടുത്തലുകൾ, അഭിപ്രായങ്ങൾ, ഉത്കടമായ അഭിലാഷങ്ങൾ തുടങ്ങി വളരെ സാധാരണമെന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പിക്കുന്ന ചിത്രങ്ങൾ വരച്ചിട്ട് മറഞ്ഞു നിൽക്കുന്ന കഥാകാരൻ്റെ നിശ്ശബ്ദതയിൽ ജീവിത കാഴ്ചപ്പാടുകളുടെ സ്ഥടികത്തിളക്കം വായനക്കാരന് അനുഭവവേദ്യമാകും.
നോവലിനെക്കുറിച്ച് ജി.ആർ ഇന്ദുഗോപൻ വിശേഷിപ്പിച്ചതുപോലെ കൃത്രിമത്വമേതുമില്ലാതെ, സ്വഭാവികതയുടെ അതിരുകൾ ലംഘിക്കാതെ, അനാവശ്യമായ വാഖ്യാനങ്ങളില്ലാതെ , വായനക്കാരൻ്റെ മുൻപിൻ വരച്ചിടുന്ന ചിത്രങ്ങൾ, ആഴമുള്ള കഥാസന്ദർഭങ്ങൾ……… കാലാതീതമായ ഒരു പത്മരാജൻ ചിത്രത്തിലെ പശ്ചാത്തലം പോലെ സുന്ദരം .
ചുറ്റിനും സൃഷ്ടിക്കപ്പെട്ടിട്ടുള്ള പ്രക്ഷുബ്ധമായ സാഹചര്യങ്ങളോട് മത്സരിച്ചു കൊണ്ട് തൻ്റേത് മാത്രമായ ഒരു ശബ്ദം അനുവാചകനെ കേൾപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം എഴുത്തുകാരൻ നിർവ്വഹിച്ചിട്ടുണ്ടെന്നത് പറയാതെ വയ്യ!
വേറിട്ടൊരു വായനയ്ക്കൊടുവിൽ സെബാനേയും , വിജിയേയും, അവരുടെ പ്രണയത്തേയും, പുണ്യാളന്മാരേയും, ഭഗവതിയേയും, കൊറ്റിക്കുട്ടനേയും അതിലുപരി പിലിപ്പച്ചനേയും നെഞ്ചോട് ചേർക്കുന്നു.
നിറം മങ്ങിയ ബാല്യ കൗമാര സ്മരണകൾ നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തുമ്പോൾ മറയുന്ന കണ്ണീർ കാഴ്ചകളിലാണ് ഈ വായനാനുഭവത്തിൻ്റെ പ്രസക്തി എന്നു ഞാൻ കരുതുന്നു. ചുറ്റുമുള്ള ലോകം കൗതുകത്തോടെ സസൂഷ്മം വീക്ഷിച്ചിരുന്ന ഒരു ബാല്യ കൗമാര യൗവനത്തിൻ്റെ തുറന്നു പറച്ചിലായി ഈ നോവൽ മുന്നിലെത്തുമ്പോൾ നഷ്ടങ്ങളുടെ കണക്കെടുപ്പിന് തല്ക്കാലം വിട! ഏറെ അഭിമാനത്തോടെയും, സ്നേഹത്തോടെയും ‘വിളക്കുമാടത്തെ രാത്രികളു’ടെ വായനാനുഭവം സമർപ്പിക്കുന്നു
ഇതൊരു വേറിട്ട സൃഷ്ടിയാണ്
‘a Creative work’