രജിമോന്‍ കുട്ടപ്പന്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനും കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നയാളുമാണ്.
അറബ് ഗള്‍ഫിലെ മനുഷ്യക്കടത്തും ആധുനിക തൊഴില്‍ അടിമത്തത്തെയും കുറിച്ച് ഒന്നാം പേജില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് 2017ല്‍ ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുന്നതുവരെ ടൈംസ് ഓഫ് ഒമാന്‍ ദിനപ്പത്രത്തില്‍
ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്നു.
നിലവില്‍ ദ മോര്‍ണിങ്ങ് കോണ്ടെസ്റ്റ്, മണികണ്‍ട്രോള്‍, തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ (ടി.ആര്‍.എഫ്.), മൈഗ്രന്റ് റൈറ്റ്‌സ്, മിഡില്‍ ഈസ്റ്റ് ഐ, ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, കാരവാന്‍, വയര്‍, ലീഫ്‌ലെറ്റ് തുടങ്ങി നിരവധി പത്രങ്ങള്‍ക്കും ന്യൂസ് പോര്‍ടലുകള്‍ക്കുംവേണ്ടി എഴുതുന്നു.
തൊഴിലാളി കുടിയേറ്റം, മനുഷ്യക്കടത്ത് എന്നീ വിഷയങ്ങളില്‍ ലോക തൊഴിലാളി സംഘടനയുടെ (ഐ.എല്‍.ഒ.) രണ്ട് ഫെലോഷിപ്പുകളും നിര്‍ബന്ധിത തൊഴിലിനെക്കുറിച്ച് ടി.ആര്‍.എഫുമായി ചേര്‍ന്നു ഗള്‍ഫ് കുടിയേറ്റത്തെക്കുറിച്ച് നാഷണല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍.എഫ്.ഐ.) ചേര്‍ന്നും ഫെലോഷിപ്പ് പൂര്‍ത്തിയാക്കി.
ഏഷ്യയിലെ മൈഗ്രന്റ് ഫോറത്തില്‍ റിസര്‍ച്ചറായ രജിമോന്‍, ഐ.എല്‍.ഒയുടേയും ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്റെയും (ഐ.ടി.യു.സി.) കണ്‍സള്‍ട്ടന്റാണ്. നിലവില്‍ ഹ്യൂമണ്‍റൈറ്റ്‌സ് വാച്ചിന്റെ കണ്‍സള്‍ട്ടന്റ് കൂടിയാണ്.
2018ല്‍ കേരളം സാക്ഷ്യം വഹിച്ച മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി കേരളത്തിന്റെ സ്വന്തം രക്ഷാസൈന്യമായി മാറിയ മത്സ്യത്തൊഴിലാളികളുടെ ധീരകഥകള്‍ പറയുന്ന റോവിങ് ബിറ്റുവീന്‍ റൂഫ്‌ടോപ്‌സ് എന്ന പുസ്തകം 2019ല്‍ രജിമോന്‍ രചിച്ച് സ്പീക്കിങ് ടൈഗര്‍ പുറത്തിറക്കിയിട്ടുണ്ട്.
കേരളത്തിലെ ദളിത് വിഭാഗത്തില്‍ പെടുന്ന പാണ സമുദായത്തിലാണ് രജിമോന്റെ ജനനം. ചരിത്രത്തിലെ വീരന്മാരുടേയും രാജാക്കന്മാരുടേയും കഥകള്‍ പാട്ടുകളായി നാട്ടില്‍ പ്രചരിപ്പിച്ചിരുന്നവരാണ് കേരളത്തിലെ പാണന്‍ വിഭാഗത്തില്‍ പെടുന്നവര്‍. തന്റെ രക്തത്തില്‍ അടങ്ങിയിട്ടുള്ള ഈ അഭിരുചി ഈ പുസ്തകത്തിലൂടെയും എഴുത്തിലൂടെയും രജിമോന്‍ പ്രതിഫലിപ്പിക്കുകയാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടങ്ങളിലായി അകപ്പെട്ട് രേഖകളിലൊന്നും പെടാതെ അടിമകളായി, ചൂഷണം ചെയ്യപ്പെടുന്ന ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക്. ചിലര്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയില്‍ പണിയെടുക്കുന്നു. ചിലര്‍ മരുഭൂമിയിലെ ചെറ്റക്കുടിലുകളില്‍ ഒരു പ്രതീക്ഷയുമില്ലാതെ നിരര്‍ഥകമായ ജീവിതം നയിക്കുന്നു. അവര്‍ക്കുവേണ്ടി ഈ പുസ്തകം സമര്‍പ്പിക്കുന്നു.
Reviews
There are no reviews yet.